ടി ടി ഐ യിലെ വായനാവാരം ......
നമ്മുടെ ഈ തിരക്കേറിയ ജീവിതത്തിൽ നിന്നും വായനയുടെ ലോകത്തേക്ക് വിഹരിക്കാനുതകുന്ന മറ്റൊരു വായനാവാരം കൂടി വന്നെത്തി. ഈ പ്രതിസന്ധിഘട്ടത്തിലും ഗവൺമെന്റ് ഐ.ടി.ഇ (വനിത) എന്ന ഞങ്ങളുടെ വിദ്യാലയത്തിൽ അതിഗംഭീരമായ പരിപാടികളാണ് ആസൂത്രണം ചെയ്യപ്പെട്ടതും നടപ്പിലാക്കിയതും. ഇത്തരമൊരു വായനാദിനാനുഭവം മറ്റു ദിനാചരണങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു. ആറ് ദിവസത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തത്. വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് സമൃദ്ധമായിരുന്നു ഓരോ ദിനവും.
ആദ്യദിനത്തിലെ പരിപാടികൾ ധന്യമാക്കിയത്, ശ്രീ കെ.എൻ കുട്ടി മാസ്റ്റർ, ശ്രീ രാജേഷ് മേനോൻ, ശ്രീ കെ.വി മോഹനൻ, ശ്രീ വിജയകൃഷ്ണൻ, ശ്രീ ഇ.സി.മോഹനൻ, ശ്രീമതി സെൽമ ടീച്ചർ എന്നിവരാണ്.അധ്യാപക വിദ്യാർഥിനികളുടെ ഭാഗത്തുനിന്ന് പ്രസംഗം, കവിതാലാപനം, കഥാവതരണം തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു. ഹൃദ്യവും ആലാപന മാധുരിയാർന്ന കവിതകളും കഥകളും കേട്ടിരിക്കാൻ തന്നെ ആസ്വാദ്യകരമായിരുന്നു.
രണ്ടാം ദിവസത്തിലെ പരിപാടികൾ ധന്യമാക്കിയത്, ശ്രീ ഡോക്ടർ സതീഷ് മലപ്പുറം, ശ്രീമതി ദീപ സന്തോഷ്, ശ്രീമതി നൂർജഹാൻ, കുമാരി കാദംബരി എന്നിവരാണ്. ഇതുവരെ നടത്തിയ വായനാദിന പരിപാടികളിൽ വച്ച് ഏറ്റവും മനോഹരം അന്നായിരുന്നു എന്നെനിക്ക് തോന്നി. വിശിഷ്ടാതിഥികൾകൊണ്ട് സമ്പുഷ്ടമായിരുന്ന പരിപാടി ഒരുപക്ഷേ, വിദ്യാലയത്തിൽ വച്ച് ഓഫ്ലൈനായി നടത്തിയിരുന്നെങ്കിൽ ഇതുപോലെ മനോഹരമാക്കാൻ കഴിഞ്ഞെന്നു വരില്ല. പ്രശസ്തരായ എഴുത്തുകാരുടെ വാക്കുകൾ കേൾക്കാനും, അവരുമായി സംവദിക്കാനും ഒക്കെ ഗൂഗിൾ മീറ്റിലൂടെ അവസരമുണ്ടായി. പുണ്യ, കാദംബരി തുടങ്ങിയ യുവനിര എഴുത്തുകാരെ പരിചയപ്പെട്ടു. അവരുടെ കാവ്യാനുഭവങ്ങൾ, എഴുത്തിലേക്ക് വഴിതെളിച്ച സന്ദർഭങ്ങൾ എന്നിവ തിരിച്ചറിയാൻ സാധിച്ചതും ഏറെ പ്രചോദനമേകി. ഓരോ വാക്കുകളും സാധാരണക്കാരന്റെ ജീവിതസാഹചര്യത്തെ കുറിക്കുന്നതായിരുന്നു. അത് ഞങ്ങളെപ്പോലുള്ള യുവതലമുറയ്ക്ക് എഴുതാനുള്ള പ്രചോദനം നൽകി. എഴുതുവൻ സാധാരണക്കാരൻ, പണക്കാരൻ, എഴുത്ത് അറിയുന്നവൻ, അറിയാത്തവൻ എന്ന വകഭേദമില്ല. തന്റെ മനസ്സിലെ ആശയങ്ങളാണ് കൃതികളായി ഒഴുകിയെത്തുന്നത്. അവയെ പരിപോഷിപ്പിച്ചെടുക്കാൻ വായന അത്യാവശ്യമാണ്. വായിക്കാൻ ഒരു പുസ്തകത്തിനായി കൊതിച്ച കഥകളുടേയും, ജീവിതത്തിലുണ്ടായ പ്രതിസന്ധിഘട്ടങ്ങളിലൂടെയും ഏടുകളടർന്നപ്പോൾ, ഞങ്ങളേവരും തന്നിലേയ്ക്കൊന്നെത്തിനോക്കി. കവിഹൃദയം ഉറങ്ങുന്നത് കൂടുതലും സാധാരണക്കാരിലാണ് എന്ന വസ്തുത തിരിച്ചറിയാനും, കവിത ഉരുത്തിരിയുന്ന സാഹചര്യം പലർക്കും പലതാണെന്ന വസ്തുത തിരിച്ചറിയാനും അവരുടെ വാക്കുകൾ സഹായിച്ചു. തന്നിലെ എഴുത്തുകാരിയെ ഉണർത്തുന്ന മനോഹരവും ഗംഭീരവുമായ നിമിഷങ്ങളാണ് ഞങ്ങൾക്കു മുൻപിൽ അവർ തുറന്നുവച്ചത്. സന്തോഷവേളകളെ വരികളാക്കി മാറ്റാൻ കഴിയാതെ വിഷാദിക്കുന്ന കാദംബരി അവറുകളുടെ വാക്കുകളും, അവർ അവതരിപ്പിച്ച കവിതകളുടെ വ്യാപ്തിയും, ഇന്നും മനസ്സിൽ മായാതെ തങ്ങി നിൽക്കുന്നു.
മൂന്നാംദിനത്തിൽ അധ്യാപക വിദ്യാർഥിനികൾ ചേർന്ന് അടിക്കുറിപ്പ് മത്സരം, ക്വിസ്, വായനമത്സരം തുടങ്ങിയവയാണ് സംഘടിപ്പിച്ചത്. ഒന്നാംവർഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ നന്നായിത്തന്നെ അവയെല്ലാം സംഘടിപ്പിക്കാനും, പൂർത്തിയാക്കാനും, വിജയികളെ കണ്ടെത്താനും സാധിച്ചു. ആവേശത്തോടെ എല്ലാവരും പരിപാടിയിൽ പങ്കെടുക്കുകയും, പരിപാടി വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു എന്നത് പ്രശംസനീയമാണ്.
നാലാം ദിനത്തിൽ അധ്യാപക വിദ്യാർത്ഥികളുടെ രചനകളുടെ അവതരണം, ആധുനിക എഴുത്തുകാരെക്കുറിച്ചുള്ള ചെറുവിവരണം, പുസ്തകപ്രദർശനം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. വാട്സപ്പ് കൂട്ടായ്മയിലൂടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. അധ്യാപക വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ ഈ പരിപാടി വളരെ ഗംഭീരമായി തന്നെ നടത്താൻ സാധിച്ചു.
അഞ്ചാം ദിനത്തിൽ വായനാദിനത്തെ തുടർന്നുള്ള വീഡിയോ പ്രദർശനം, പ്രശസ്ത എഴുത്തുകാരുടെ മൊഴിമുത്തുകളുടെ അവതരണം, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കഥ, കവിത തുടങ്ങിയവയുടെ ആസ്വാദനം എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
ആറാം ദിനത്തിൽ വിദ്യാലയത്തിന്റെ മാഗസിനായ "അകതാരിൽ നിന്നും വർണ്ണങ്ങൾ ചിതറിത്തെറിച്ചപ്പോൾ" പ്രകാശനം ചെയ്തു. ശ്രീ രാജന് കരുവാരകുണ്ട് സാറാണ് പ്രകാശനം നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ പല കൃതികളും വായിക്കാൻ കാരണമായി. പ്ലേഗ്, നിന്റെ ഓർമ്മയ്ക്ക്, സുന്ദരികളും സുന്ദരന്മാരും, ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ അങ്ങനെ, അങ്ങനെ.....മനുഷ്യ ജീവിതങ്ങളെ ചിത്രീകരിക്കുന്ന വിവിധ കഥാതന്തുക്കൾ ഞങ്ങളുടെ മുന്നിൽ നിരത്താൻ, വായിക്കാൻ പ്രേരിപ്പിക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കഴിഞ്ഞു. തുടർന്ന് പുതിയ കാലത്തെ വായന എന്ന വിഷയത്തിൽ അധ്യാപക വിദ്യാർത്ഥികളുടെ സംവാദവും സംഘടിപ്പിച്ചിരുന്നു.
ഏറെ മനോഹരങ്ങളായ പല താളുകളും തുറന്നിടാൻ വായനാവാരം പരിപാടികൾക്ക് സാധിച്ചു.മനസ്സിൽ ഇന്നും,എന്നും... മായാതെ അത്തരം ഓർമ്മകളും അനുഭവങ്ങളും തിരിച്ചറിവുകളും..... നന്ദി
by അനുശ്രീ വി എസ്
Comments
Post a Comment