*ഞാനും   വിദ്യാലയത്തിലേക്ക്*..🤩

രണ്ടു മാസത്തെ നീണ്ട വേനലവധിയ്ക്ക ശേഷം ഒരു പുതിയ അധ്യയന വർഷം കൂടി വന്നെത്തിയിരിക്കുന്നു. അറിവിൻ്റെ ആദ്യാക്ഷരം നുകരാറായി ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നു വരുന്ന ലക്ഷക്കണക്കിനു കുരുന്നുകൾ ... അവരെ വരവേൽക്കാനായി പുതിയ രൂപത്തിലും ഭാവത്തിലും അണിഞ്ഞൊരുങ്ങി നിൽക്കുന്ന വിദ്യാലയങ്ങൾ... കൂടെ അക്ഷരമുറ്റത്തേക്ക് അവരെ കൈപിടിച്ചുയർത്താൻ അധ്യാപകരും..🥳
 
പ്രവേശനോത്സവം...! അത് ഒരു ആഘോഷം തന്നെയാണ്. നമ്മുടെയെല്ലാം ജീവിതത്തിൽ ഒരിക്കൽ പോലും മറക്കാനിടയില്ലാത്ത മനോഹരമായ ഒരു അനുഭവം. ഇനി ഞാൻ എൻ്റെ അനുഭവം നിങ്ങളുമായി പങ്കുവെയ്ക്കട്ടെ... കുഞ്ഞുടുപ്പും പുള്ളിക്കടയും പുത്തൻ ബാഗും കൊണ്ട് പുതിയ ഒരു ലോകത്തേക്ക് പ്രവേശിക്കുന്നതിൻ്റെ ആവേശത്തിൽ തന്നെയായിരുന്നു ഞാനും.🥳 വളരെ അത്യാവശ്യമായിരുന്നതുകൊണ്ടു മാത്രം നല്ലൊരു ഉമ്മയൊക്കെ തന്ന് വേഗം വരാം എന്നും പറഞ്ഞ്  അമ്മ ഓഫീസിലേക്ക് പോയി. അതുകൊണ്ടു തന്നെ ഏറ്റവും അടുത്ത ചങ്ങാതിയായ അച്ഛഛനോടൊപ്പം ആയിരുന്നു എൻ്റെ ആദ്യ സ്കൂൾ യാത്ര... അലങ്കരിച്ചു വെച്ച വിദ്യാലയ കവാടവും, ബലൂണുകളും, വർണ്ണക്കടലാസുകളും, മധുര പലഹാരങ്ങളും എന്ന വരവേറ്റു. ക്ലാസിൻ്റെ വാതിൽക്കൽ തന്നെ സാരിയുടുത്ത് സുന്ദരിയായ ടീച്ചർ അങ്ങനെ നിൽക്കുന്നുണ്ട്..എന്തായാലും ഞാൻ നല്ലൊരു ചിരിയങ്ങ് പാസ്സാക്കി.😁 കൈയിൽ മുറുക്കെ പിടിച്ചിരുന്ന എൻ്റെ വിരലുകൾ വിടുവിച്ച് അച്ഛഛൻ ടീച്ചറോടൊപ്പം ക്ലാസിനക്കത്തേക്ക് എന്നെ പറഞ്ഞു വിട്ടു. വലിയ കുഴപ്പം ഉണ്ടാക്കാതെ ഞാൻ ടീച്ചറോടൊപ്പം ക്ലാസിനകത്തേക്ക് നടന്നു. ബാക്കിയുള്ള കുട്ടികളോടൊപ്പം എന്നെയും അവിടെയുണ്ടായിരുന്ന ആ ചെറിയ കസേരയിൽ ഇരുത്തി. പലർക്കും അതിൽ ഇരിക്കാനുള്ള ക്ഷമയൊന്നും ഉണ്ടായിരുന്നില്ല. തേങ്ങി തേങ്ങി കരഞ്ഞുകൊണ്ട് ക്ലാസിൽ നിന്നും ഇറങ്ങി ഓടാൻ തയ്യാറായി നിൽക്കുന്നവരായിരുന്നു കൂടുതലും... എങ്കിലും വളരെ പെട്ടെന്ന് കരയുന്ന ഞാൻ അപ്പോഴൊന്നും കരഞ്ഞില്ല. "അച്ഛഛൻ്റെ കുട്ടി സ്കൂളിൽ പോവുമ്പോ കരയൊന്നും ചെയ്യരുത് ട്ടോ.. നല്ല കുട്ടിയായി ഇരിക്കണേ.. അച്ഛഛൻ ടീച്ചർമാരോടൊക്കെ വർത്തമാനം പറഞ്ഞ് ഓഫീസിൽ തന്നെ ഉണ്ടാവും (അച്ഛഛൻ പണ്ട് ഈ വിദ്യാലയത്തിൽ തന്നെ അധ്യാപകനായിരുന്നു)." ഇതും പറഞ്ഞാണ് എന്നെ വീട്ടിൽ നിന്നും കൊണ്ടുവന്നത്.അച്ഛഛൻ അവിടെ തന്നെ ഉണ്ടാകുമല്ലോ എന്ന ഒരാശ്വാസം ചിലപ്പോൾ എൻ്റെ മനസ്സിനെ ശക്തിപ്പെടുത്തിയിരിക്കാം. പക്ഷേ എവിടെ നിമിഷങ്ങൾക്കകം ഞാനും തുടങ്ങി കരയാൻ... പിന്നെ അന്ന് വിദ്യാലയത്തിൽ നിന്നും പോരുന്നവരെ എൻ്റെ കണ്ണീരിന് ഞാൻ വിശ്രമം കൊടുത്തിട്ടില്ല. എന്തായാലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ നിൽക്കുന്ന എൻ്റെ രക്ഷകനെ വീണ്ടും കണ്ടതോടെ എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും എനിക്ക് അനുഭവപ്പെട്ടു.😂😂
 
പിന്നീടങ്ങോട്ട് എല്ലാ ദിവസവും അച്ഛഛനോടൊപ്പം തന്നെയായിരുന്നു എൻ്റെ സ്കൂൾ യാത്ര. രാവിലെ ഞങ്ങൾ രണ്ടു പേരും വിദ്യാലയത്തിൽ എത്തും. എന്നെ ക്ലാസ്മുറിയിൽ ഇരുത്തി അച്ഛഛൻ ഓഫീസിലിരിക്കാം എന്നും പറഞ്ഞ് പോകും. ഞാനും ഈയൊരു ആശ്വാസത്തിൽ ദിവസങ്ങളോളം ഇരുന്നു. പിന്നീട് കുറച്ചു കാലത്തിനു ശേഷമാണ് ആ ഞെട്ടിക്കുന്ന സത്യം ഞാൻ അറിയുന്നത്. എന്നെ എല്ലാരും ചേർന്ന് പറ്റിക്കുകയായിരുന്നു🥺... സ്കൂളിൻ്റെ ഓഫീസിൽ തന്നെയുണ്ടാവും എന്നും പറഞ്ഞ് അച്ഛഛൻ പോയത് എവിടേക്കാന്നല്ലേ...വീട്ടിലേക്ക് !😒😧.  എന്നിട്ട് ഉച്ചയൂണിൻ്റെ ബ്ലെല്ല് കേൾക്കുമ്പോഴും അതുപോലെ 4 മണിക്ക് സ്കൂൾ വിടാറാവുമ്പോഴും കൃത്യം സ്കൂളിൽ എത്തും (എൻ്റെ വീടിനടുത്തു തന്നെയായിരുന്നു വിദ്യാലയം. അതുകൊണ്ട് ബെല്ലടിക്കുന്ന ശബ്ദം വീട്ടിലേക്ക് കേൾക്കും). പാവം ഞാൻ... എന്നാലും എന്നോട് ഇങ്ങനെ ചെയ്തില്ലേ..😩 
*ഇന്ന് ഈ പ്രവേശനോത്സവ ദിനത്തിൽ ഒരു പുഞ്ചിരിയോടു കൂടിയല്ലാതെ ആ രസകരമായ നിമിഷങ്ങളെ ഓർമ്മിച്ചെടുക്കാൻ എനിക്ക് സാധിക്കുന്നില്ല.*😍😍

Comments

Popular posts from this blog