പരിസ്ഥിതി ദിനാചരണം
എന്റെ പരിസ്ഥിതി ദിനാചരണം
ഞാൻ ഈ ഐ.ടി.ഇ യിൽ വന്നതിനു ശേഷമുള്ള എന്റെ ആദ്യ പരിസ്ഥിതി ദിനാചരണം. ഈ ഒരു ദിവസം മാത്രം ഉള്ളതാകരുത് പരിസ്ഥിതിയോടുള്ള ഇഷ്ടവും പരിചരണവും എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടാണ് ഞങ്ങളും അധ്യാപകരും ഈ ദിനാചരണം തുടങ്ങിയത്. ഞാൻ ഇതുവരെ പങ്കെടുത്തതിൽ വെച്ച് എന്തുകൊണ്ടോ എനിക്ക് ഏറ്റവും ഓർമ്മയിൽ തങ്ങി നിൽക്കുന്നതും വിപുലവും ആയിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം. കോവിഡ് മഹാമാരിക്കിടയിൽ ആണെങ്കിലും, ഓരോരുത്തരും വ്യത്യസ്ത ഇടങ്ങളിൽ ആണെങ്കിലും, മനസ്സുകൊണ്ട് ഞങ്ങൾ ആ വിദ്യാലയ മുറ്റത്ത് ആയിരുന്നു പരിസ്ഥിതിദിനാഘോഷം നടത്തിയത്.
ജൂൺ അഞ്ചാം തീയതി ആണ് പരിസ്ഥിതി ദിനം എങ്കിലും തലേദിവസം തന്നെ ഞങ്ങളുടെ പരിപാടികൾ തുടങ്ങി. പരിസ്ഥിതി ദിനത്തിൻറെ തുടക്കം എന്ന നിലയിൽ ആദ്യം ഒരു സെമിനാർ ആയിരുന്നു. വളരെയധികം സന്തോഷം ആയിരുന്നു, കാരണം ഞങ്ങൾക്ക് ഈയൊരു സെമിനാർ എടുത്തു തരാൻ ഞങ്ങൾക്ക് വിശിഷ്ട വ്യക്തിയായി ലഭിച്ചത് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ഡോക്ടർ വി .ബി ശ്രീകുമാർ സാറാണ്. ഞാനായിരുന്നു ആ സെമിനാറിന്റെ മോഡറേറ്റർ .സാറിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അദ്ദേഹത്തിന് ഞങ്ങളുടെ സ്ഥാപനവുമായി പഴയ ഒരു ബന്ധമുണ്ട് .സർ ഈ സ്ഥാപനത്തിലെ മുൻ അധ്യാപകനായിരുന്നു. അതറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി. 2021 ലെ പരിസ്ഥിതി ദിന സന്ദേശം എന്നത് ആവാസവ്യവസ്ഥ പുനസ്ഥാപനം ആണല്ലോ,അതുകൊണ്ട് ഞങ്ങളുടെ ഈ സെമിനാറിന്റെ മുഖ്യവിഷയം എന്ന് പറയുന്നതും 'ആവാസവ്യവസ്ഥ സംരക്ഷണം- പശ്ചിമഘട്ടം' എന്നതായിരുന്നു. നാലാം തീയതി രാത്രി ഏഴ് മണിയോടെയാണ് ഈ ഒരു സെമിനാർ ആരംഭിച്ചത് .ഒരു ശാസ്ത്രസംബന്ധമായ വിഷയമാണെങ്കിലും ഒട്ടും മുഷിപ്പ് തോന്നാത്ത രീതിയിലാണ് ആ ഒരു സെമിനാർ സർ കൊണ്ടുപോയത്. സർ പശ്ചിമഘട്ടത്തെ കുറിച്ചും, അവിടുത്തെ വ്യത്യസ്ത ആവാസവ്യവസ്ഥകളെ കുറിച്ചും, അവിടെയുള്ള പലതരം അപൂർവ്വവും സംരക്ഷിക്കപ്പെടേണ്ടതുമായിട്ടുള്ള ചെറുതും വലുതുമായ ചെടികളെ കുറിച്ചും, ഇന്ന് പശ്ചിമഘട്ടം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും, അവ മൂലം ഉണ്ടാകാവുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും, വളരെ നന്നായി തന്നെ ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. ആ ഒരു സെമിനാറിലൂടെ പരിസ്ഥിതിയുടെ അടിസ്ഥാനമായ ജൈവവൈവിധ്യം നമ്മൾ മനുഷ്യരുടെ ക്ഷേമവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നും ,ഭൂമിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ജൈവവൈവിധ്യത്തിനുള്ള പങ്കും ഞങ്ങൾക്ക് മനസ്സിലായി. ഇന്ന് ഇവ നേരിടുന്ന വ്യാപകമായ കൈയേറ്റവും ഖനനവും വനനശീകരണവും ഈ പ്രദേശത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഞങ്ങൾ മനസ്സിലാക്കി. കുറെയധികം പുതിയ അറിവുകൾ ഞങ്ങൾക്ക് പകർന്നു തന്ന ആ സെമിനാറിനു ശേഷം അധ്യാപക വിദ്യാർഥിനികൾ അവരുടേതായ സംശയങ്ങളും ചോദ്യങ്ങളും സാറിനോട് ഉന്നയിക്കുകയും അവക്കെല്ലാം സർ കൃത്യമായ മറുപടി നൽകുകയും ചെയ്തു. സെമിനാറിനു ശേഷം സയൻസ് ക്ലബ്ബ് കൺവീനർ ആയ സുബിൻ രഹ്‌ന ആണ് നന്ദി പ്രകാശിപ്പിച്ചത്.
പിറ്റേദിവസം അതായത് അഞ്ചാം തീയതിയും രണ്ട് സെമിനാറിൽ പങ്കെടുക്കാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായി. എനിക്ക് ഇതുവരെ അധികം ലഭിക്കാത്ത, അല്ലെങ്കിൽ അപൂർവമായ ഒരു അവസരമാണ് ഈ ഒരു പരിസ്ഥിതി ദിനത്തിൽ എനിക്ക് ലഭിച്ചത്. കാരണം സാധാരണ ഒരു പരിസ്ഥിതി ദിനം എന്നു പറയുമ്പോൾ നമ്മൾ ഇതുവരെ പഠിച്ച സ്കൂളുകളിൽ അടുത്തുള്ള വ്യക്തികളോ പരിചയമുള്ളവരോ ആയിരുന്നു. അധികം മഹത്‌വ്യക്തികളെ എനിക്ക് കാണാനോ അറിയാനോ അവസരങ്ങൾ ലഭിച്ചിരുന്നില്ല .എന്നാൽ ഈ ഒരു പരിസ്ഥിതി ദിനം എന്നുപറയുന്നത് എൻറെ ജീവിതത്തിൽ ഞാൻ കാണാൻ ആഗ്രഹിച്ച കുറെ അധികം മഹത്‌വ്യക്തികളെ കാണാൻ സാധിച്ചു എന്നതാണ്. ഓൺലൈൻ മാധ്യമത്തിലൂടെ അഞ്ചാം തീയതി രാവിലെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷനും കേരള വിദ്യാഭ്യാസ വികാസ കേന്ദ്രവും ഒന്നിച്ചു ചേർന്നു നടത്തിയ ഒരു നാഷണൽ വെബിനറിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അതിൻറെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് എൻ .സി .ടി .ഇ യുടെ ചെയർമാൻ ആയിട്ടുള്ള സന്തോഷ് കുമാർ സാരംഗി ഐഎഎസ് സാറാണ്. അതുപോലെതന്നെ ഈ ഒരു സെമിനാറിൽ മുഖ്യവിഷയം എടുത്തു തന്നത് ലോകത്തിൽ തന്നെ അറിയപ്പെടുന്ന,വ്യക്തിപരമായി ഞാൻ വളരെയധികം ആദരിക്കുന്ന , പരിസ്ഥിതി പ്രവർത്തകൻ ആയിട്ടുള്ള പ്രൊഫസർ മാധവ് ഗാഡ്ഗിൽ സാറാണ് .വളരെയധികം സന്തോഷം തോന്നി ഇങ്ങനെയുള്ള ഒരു അവസരം ലഭിച്ചതിൽ. അദ്ദേഹം 'ആവാസവ്യവസ്ഥ പുന സ്ഥാപനത്തിൽ അധ്യാപകരുടെ പങ്ക്' എന്ന ഒരു വിഷയത്തിലായിരുന്നു സെമിനാർ അവതരിപ്പിച്ചത്. വളരെയധികം അറിവുകൾ ആ ഒരു മഹത് വ്യക്തി യിൽ നിന്ന് അറിയാൻ സാധിച്ചു .അതുപോലെ തന്നെ വിദ്യാഭ്യാസ രംഗത്ത് പ്രശസ്തനായ അതുൽ കോത്താരി സാറിൻറെ ക്ലാസും ലഭിച്ചു .ഇത്രയും പ്രശസ്തരായ വ്യക്തികളിൽ നിന്നുള്ള ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുന്നത് എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ്. ഈയൊരു സെമിനാറിനു ശേഷം അന്ന് ഉച്ചയ്ക്ക് വേറൊരു സെമിനാറിൽ പങ്കെടുക്കാനും അവസരം ലഭിച്ചു. ആ ഒരു സെമിനാർ സംഘടിപ്പിച്ചത് പാലക്കാട് ഡയറ്റ് ആയിരുന്നു .ഇ. സി.മോഹനൻ സാറും നിഷ ടീച്ചറുമാണ് സെമിനാർ അവതരിപ്പിച്ചത്.പല TTI കളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത ആ സെമിനാർ ഒരു പുതിയ അനുഭവമായിരുന്നു.പല വിദ്യാർത്ഥികളും അവരുടേതായ ആശയങ്ങൾ പങ്കുവച്ചു.എനിക്കും അതിലൂടെ പുതിയ പല ആശയങ്ങളും അറിവുകളും നേടാനായി.പുതിയ ഒരു കാഴ്ചപ്പാട് ഉണ്ടാക്കാനായി ഇത്തരം സെമിനാറുകൾ എത്രത്തോളം ഗുണപ്രദമാണെന്നു ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.
പിന്നീട് ആറാം തീയതി ആയിരുന്നു അതായത് മൂന്നാമത്തെ ദിവസം ആയിരുന്നു ഞങ്ങളുടെ വിദ്യാലയത്തിൽ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നത് .ഓൺലൈൻ മാധ്യമത്തിലൂടെ ആണെങ്കിൽ പോലും വളരെ നല്ല ഒരു സജീവപങ്കാളിത്തം ആയിരുന്നു അധ്യാപകരുടെയും അധ്യാപക വിദ്യാർഥിനികളുടെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. ഒന്നാം വർഷ വിദ്യാർഥിനിയായ ആർദ്രയുടെ പ്രാർത്ഥനയോടു കൂടിയാണ് ആ ഒരു പരിപാടിക്ക് ആരംഭം കുറിച്ചത് .രണ്ടാം വർഷ വിദ്യാർഥിനിയായ ശ്രുതിയാണ് ആണ് പരിപാടിയുടെ മോഡറേറ്റർ ആയിരുന്നത് .ഒന്നാം വർഷ വിദ്യാർഥിനിയായ ശ്രേയയുടെ സ്വാഗതത്തിനു ശേഷം ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഞങ്ങളുടെ ഈ സ്ഥാപനത്തിലെ മുൻ പ്രിൻസിപ്പൽ ആയ കെ. വി മോഹനൻ സാറായിരുന്നു. എന്നത്തേയും പോലെ വളരെ പുതുമയുള്ളതും ഞങ്ങളെ കൂടുതൽ ചിന്തിപ്പിക്കുന്നതും ആയിരുന്നു സാറിൻറെ ഉദ്ഘാടനപ്രസംഗം. അതിനുശേഷം വിദ്യാലയത്തിലെ പ്രിൻസിപ്പൽ ഇൻ ചാർജ് സോമസുന്ദരൻ സർ ,മുൻ അധ്യാപകൻ ഇ .സി മോഹനൻ സർ, അദ്ധ്യാപകർ ആയിട്ടുള്ള വിജയകൃഷ്ണൻ സർ സൽമ ടീച്ചർ എന്നിവർ ആശംസകൾ പറഞ്ഞു. അതിനുശേഷം വളരെ വിപുലമായ കുറെയധികം പരിപാടികളായിരുന്നു വിദ്യാർഥിനികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. പ്രസംഗം, പ്രകൃതിയുമായി ബന്ധപ്പെട്ട് കുട്ടികൾ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത ചിത്രങ്ങൾ ,പരിസ്ഥിതി ദിന ഗാനങ്ങൾ ,പോസ്റ്റർ പ്രകൃതിയിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ, ചിത്രരചന, വീഡിയോ പ്രെസന്റെഷൻ, പുസ്തകപരിചയം, എന്നിവ ഉണ്ടായിരുന്നു. ഈയൊരു പരിസ്ഥിതി ദിനാചരണത്തിന് ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലാദ്യമായി വിദ്യാർത്ഥിനികളുടെ ഭാഗത്തുനിന്നും ഒരു ഷോർട്ട് ഫിലിം അവതരണം ഉണ്ടായിരുന്നു. ഒരാഴ്ചയോളം നീണ്ടു നിന്ന തയ്യാറെടുപ്പുകൾ ക്കു ശേഷം വളരെ നല്ല രീതിയിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആ ഷോർട്ട് ഫിലിം അവതരിപ്പിക്കാൻ സാധിച്ചു .അതിൽ ഒരു ഭാഗമാകാൻ സാധിച്ചതിൽ എനിക്ക് വളരെയധികം സന്തോഷവും അഭിമാനവും ഇപ്പോൾ തോന്നുന്നു. അതുപോലെ തന്നെ വളരെ വാശിയേറിയ ഒരു ക്വിസ്മത്സരം ആയിരുന്നു നടന്നിരുന്നത്. ഒന്നാം സ്ഥാനം രണ്ടുപേരാണ് പങ്കിട്ടത് ഒന്നാം വർഷത്തിൽ നിന്ന് അനാമികയും ,ഞാനും. രണ്ടാം സ്ഥാനം ഒന്നാം വർഷത്തിൽ നിന്ന് തന്നെ ശ്രേയ പി .എസ് നാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയത് രണ്ടാം വർഷത്തിൽ നിന്ന് ദിവ്യ കെ ആയിരുന്നു .ഇത്രയും വിപുലമായ പരിപാടികളാണ് ഓൺലൈൻ മാധ്യമത്തിലൂടെ ആണെങ്കിലും ഞങ്ങൾക്ക് സംഘടിപ്പിക്കാൻ സാധിച്ചത്. ഇപ്പോൾ അതെല്ലാം ഓർക്കുമ്പോൾ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നുണ്ട് .കാരണം മൂന്നു ദിവസം നീണ്ടുനിന്ന പരിസ്ഥിതിദിനാചരണം എൻറെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു. എന്നാൽ ഈയൊരു മൂന്നുദിവസം മാത്രമല്ല ഞാനോ എന്റെ കൂട്ടുകാരോ എൻറെ വിദ്യാലയമോ പ്രകൃതിക്കായി നീക്കിവെക്കുക, പരിസ്ഥിതി ദിനാഘോഷം ജൂൺ 5ൽ മാത്രമായി ഒതുക്കി നിർത്താതെ അടുത്ത ജൂൺ അഞ്ചു വരെയും ,അന്നുമുതൽ അതിനടുത്ത ജൂൺ 5 വരെയും തുടർന്ന് എന്നും ചെയ്യാൻ ഞങ്ങൾക്ക് സാധിക്കട്ടെ. സാധിക്കും.
ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ നിന്ന് കിട്ടുന്ന അറിവുകൾ ഞങ്ങളുടെ മുന്നിൽ വരാൻ പോകുന്ന ഓരോ കുട്ടിയിലേക്കും എത്തിക്കാൻ ഞങ്ങൾക്ക് സാധിക്കട്ടെ.സാധിക്കും.
ഇനിയുള്ള തലമുറകൾക്കും ഈയൊരു പ്രകൃതി അനുഭവിക്കാൻ സാധിക്കട്ടെ.അതിനായി പരിശ്രമിക്കാനും ,പറഞ്ഞുകൊടുക്കാനും ഞങ്ങൾക്ക് സാധിക്കട്ടെ. സാധിക്കും.
by അശ്വനി എം എസ്
Comments
Post a Comment