പ്രതീക്ഷ - ആദ്യ ദിനം
07/07/2021
ബുധൻ
പ്രതീക്ഷ - ആദ്യ ദിനം
ഇന്ന് എന്റെ അധ്യാപന-പരിശീലന ജീവിതത്തിലെ വിശിഷ്ടമായ ദിവസമായിരുന്നു. സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിലെ ആദ്യദിനം. മറ്റ് അധ്യാപക-വിദ്യാർഥികളുടെയും അധ്യാപകരുടെയും ശുഭദിനാശംസകൾ കേട്ടുകൊണ്ടാണ് ഉണർന്നത്. ഒപ്പം നല്ല ചിന്തകളും.
കാലത്തുതന്നെ എഴുന്നേറ്റ് ഒരു പ്രകൃതി നടത്തം നടത്തിയിരുന്നു. കഴിഞ്ഞ ഒന്ന്, രണ്ട് സെമസ്റ്ററുകളിലായി വിദ്യാലയത്തിൽ വന്നു പഠിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, അവിടങ്ങളിലെ ചുറ്റുപാടുകൾ, മരങ്ങൾ, സസ്യങ്ങൾ, കിളികൾ, അണ്ണാറക്കണ്ണന്മാർ ഒന്നും തന്നെ എന്റെ സ്ഥിര പരിചയക്കാരായി മാറിയിരുന്നില്ല. ഒരുപക്ഷേ ഞങ്ങളുടെ വിദ്യാലയത്തിൽ വച്ചായിരുന്നു ക്യാമ്പ് നടന്നിരുന്നതെങ്കിൽ, ഇത്തരമൊരു പ്രകൃതി നടത്തം ചെയ്യണമെന്നുള്ളത് എന്റെ ഒരാഗ്രഹമായിരുന്നു. ഇന്ന് വിദ്യാലയത്തിനുള്ളിൽ നാമൊന്നിച്ചുള്ള ആ മനോഹര ക്യാമ്പ് സാധ്യമല്ല. പക്ഷേ ഞാൻ അതിൽ വ്യാകുലപ്പെടാൻ തയ്യാറല്ല. കാരണം നമ്മുടെ വീടും, വീടിനടുത്തുമായി നിലകൊള്ളുന്ന എത്ര സസ്യങ്ങളുടെ, വണ്ടുകളുടെ, പൂമ്പാറ്റകളുടെ, കിളികളുടെയൊക്കെ പേര് നമുക്കറിയാം എന്ന് ചിന്തിച്ചാൽ, അതിനുത്തരം ഒരിക്കലും പൂർണ്ണമായ ഒന്നാകില്ല. അതുകൊണ്ട് ഇന്ന് നമുക്ക് സ്വന്തം വീടിനേയൊന്ന് ചുറ്റിക്കാണാം. ഇവിടങ്ങളിലെ പ്രകൃതി ആസ്വദിക്കാം. സമ്പർക്കമില്ലാത്ത ഒരു ക്യാമ്പിൽ വാട്ട്സ്ആപ്പിലൂടെയും ഗൂഗിൾ മീറ്റിലൂടെയും കൈകോർക്കാം.
ചകിരിച്ചോറ് കലർന്ന മൺപുതപ്പിനുള്ളിൽ പുതച്ച് മൂടിയുറങ്ങുന്ന തേരട്ടകളെയാണ് ഞാൻ ആദ്യം കണ്ടത്. അവയ്ക്ക് എഴുന്നേൽക്കണം എന്ന മട്ടേയില്ല. വെറുതെ പടിക്കൽ ഇരുന്ന് തലങ്ങുംവിലങ്ങും നോക്കിയിരുന്ന എന്നെ അമ്മ ശകാരിച്ചു. അത് ഒരുപക്ഷേ മറ്റുള്ള പ്രകൃതി കാഴ്ചകളുടെ വീക്ഷണത്തിനു കാരണമായി എന്ന് പറയാം. ചുണ്ടങ്ങാപൂക്കളുടെ മധു നുകരാനായി വന്ന ഒട്ടനവധി ചെറുവണ്ടുകളെ എനിക്ക് കാണാൻ സാധിച്ചു. ഇത്രയധികം വണ്ടുകളുടെ കൂട്ടം ആദ്യമായാണ് കാണുന്നത്. എണ്ണി തുടങ്ങിയ ഞാൻ തോറ്റുപോയി. അത്രയധികം ചെറുവണ്ടുകൾ..... ഇത് ഒരു സമൂഹമല്ലേ! വണ്ടുകളുടെ സമൂഹം. ഇവയെ ഒരുപക്ഷേ വിദ്യാലയ ക്യാമ്പിൽ കാണാൻ സാധിക്കുമായിരുന്നോ?
സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് അന്വർത്ഥമാക്കി, പ്രകൃതി.
ഒൻപതു മണിയുടെ അസംബ്ലിയാണ് പിന്നീട് നടന്നത്. സഹപാഠികളുടെ അസംബ്ലി അവതരണവും മറ്റും ആകാംക്ഷയോടെ നോക്കിക്കണ്ടു. അവയ്ക്ക് എന്നും പുതുമ നിലനിന്നിരുന്നു. അസംബ്ലിയെത്തുടർന്ന് മുഖ്യാതിഥിയായ ശ്രീ മുകുന്ദൻ മാഷിന്റെ സംസാരങ്ങളിലേക്ക്. കവിതയെക്കുറിച്ചാണ് അദ്ദേഹം ഏറെ സംസാരിച്ചത്. മാമ്പഴം, സഫലമീയാത്ര, പൂതപ്പാട്ട്, ശാർങ്ഗക പക്ഷികൾ തുടങ്ങിയ കവിതകൾ കേൾക്കാനും ആലപിക്കാനുമുള്ള അവസരം. കവിതയുടെ ആസ്വാദനതലത്തെക്കുറിച്ചുള്ള ക്ലാസ്സ് ഹൃദ്യമായിരുന്നു. ഒന്നാം സെമസ്റ്ററിൽ ഞങ്ങളവതരിപ്പിച്ച മുപ്പത്തിരണ്ടോളം കവിതകളുടെ ആസ്വാദനവും, എഴുത്തുകാരെപറ്റിയുള്ള വിവരണങ്ങളും കോർത്തിണക്കാൻ അദ്ദേഹത്തിന്റെ സെമിനാറിന് കഴിഞ്ഞു. ശേഷം ഞങ്ങളുടെ മുൻ പ്രിൻസിപ്പാൾ മോഹനൻ മാഷിന്റെ മുഖ്യപ്രഭാഷണവും ഉണ്ടായി. ഒരു കൊടുക്കൽ-വാങ്ങൽ ക്ലാസാണ് മാഷ് നിർവഹിച്ചത്. അദ്ദേഹത്തിന് ഞങ്ങളോരോരുത്തരേയും നന്നായറിയാം. ഒരുപാട് കാലത്തിനു ശേഷം അദ്ദേഹത്തോട് സംസാരിക്കാൻ, അഭിപ്രായം പറയാൻ, പ്രതിഷേധിക്കാനൊക്കെ കഴിഞ്ഞപ്പോൾ, അറിയാതെ ഞങ്ങൾ ആ പഴയ ക്ലാസ്സ് മുറികളിലേക്കെത്തിച്ചേർന്നു. 'ഓൺലൈൻ പഠനം എന്ത്? : പ്രസക്തിയും പ്രാധാന്യവും' എന്ന വിഷയത്തിലാണ് അദ്ദേഹം സംവദിച്ചത്. ഓൺലൈൻ പഠനത്തിന്റെ സാധ്യതകൾ അദ്ദേഹം ഞങ്ങൾക്കു മുൻപിൽ തുറന്നുകാട്ടി.
പിന്നീട് പഠനോപകരണ നിർമ്മാണവും, പൂന്തോട്ട പരിപാലനവും. വൈകീട്ട് 7 മണി മുതൽ 8:15 വരെയുള്ള സമയത്തായി പാർലമെന്റ് സമ്മേളനവും നടന്നു. എന്തുകൊണ്ടും നല്ലൊരു തുടക്കം തീർക്കാൻ ഇന്നത്തെ ക്യാമ്പ് പരിപാടികൾക്കായി. മനസ്സിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ഓർമ്മകളും....
അനുശ്രീ വി എസ്
രണ്ടാം വർഷം D. El. Ed.
👌👌👌
ReplyDelete