അസംബ്ലി
*അസംബ്ലി ആണ് ഞങ്ങളുടെ മെയിൻ*
ഞങ്ങളുടെ കോഴ്സിന്റെ ഒരു മുഖ്യ ആകർഷണം തന്നെയാണ് അസംബ്ലി. പ്രത്യേക പരിപാടികൾ ഉള്ള ദിനങ്ങളിൽ, അല്ലെങ്കിൽ ദിവസേനയോ ആഴ്ചതോറുമോ വിവരങ്ങൾ ആശയവിനിമയം ചെയ്യുന്നതിന്, പൊതുനിർദേശങ്ങൾ നൽകുന്നതിന്, എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾക്കായി സ്കൂളിന്റെ എല്ലാ അംഗങ്ങളും ഒത്തുചേരുന്നതാണ് ഒരു സ്കൂൾ അസംബ്ലി. ഒരു കലാലയത്തിന്റെ അച്ചടക്കത്തിന്റെയും കൂടെ ഭാഗമാണത്.
ഞങ്ങളുടെ അധ്യാപകർ ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചപ്പോൾ ഓൺലൈൻ ആയി ഇതെങ്ങനെ സാധ്യമാകും എന്ന സന്ദേഹം ഉണ്ടായിരുന്നു. എന്നാലിന്ന് മറ്റുപല സ്കൂളുകളിലും ഞങ്ങളുടെ ഓൺലൈൻ അസംബ്ലി മാതൃകയാക്കിക്കൊണ്ട് ചെയ്യാൻ ആരംഭിച്ചു എന്നത് ഒത്തിരി സന്തോഷമുള്ള കാര്യമാണ്.
തിങ്കൾ മുതൽ വെള്ളി വരെയുള്ള 5 ദിവസങ്ങളിൽ രാവിലെ 9 മണിക്കാണ് നടത്താറുള്ളത്. അതൊരു 9.30 വരെ ഉണ്ടാകാറുണ്ട് ചില ദിവസങ്ങളിൽ. ആദ്യത്തെ കുറച്ചുദിവസങ്ങളിൽ വാട്സ്ആപ്പ് വഴിയാണ് നടത്തിയിരുന്നെങ്കിലും പിന്നീടത് തത്സമയം ചെയ്യാനായി ഗൂഗിൾ മീറ്റ് വഴിയാക്കി. പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, കവിത, വചനം, ചിന്താവിഷയം, പ്രസംഗം, പുസ്തകപരിചയം, ദേശഭക്തിഗാനം, ദേശീയഗാനം, എന്നിവയാണ് ഇനങ്ങൾ. ഒരു ആഴ്ച്ച ഒന്നാം വർഷ അധ്യാപകവിദ്യാർത്ഥിനികൾ ആണെങ്കിൽ അടുത്ത ആഴ്ച്ച രണ്ടാം വർഷക്കാർ ആയിരിക്കും. വിദ്യാർത്ഥിനികളെ 5 ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുകയാണ്.
അതാത് ദിവസത്തെ പ്രാധാന്യം ഉൾപ്പെടുത്തിയായിരിക്കും അസംബ്ലി നടത്തുക. അധ്യാപകർ നിർദേശങ്ങളും തിരുത്തലുകളും അറിയിക്കാറുമുണ്ട്. ഞങ്ങളിത് വളരെ ആവേശത്തോടും താല്പര്യത്തോടും കൂടിയാണ് ഏറ്റെടുത്തതും, ചെയ്തുകൊണ്ടിരിക്കുന്നതും. ഞങ്ങളുടെ ഒരു ദിനം തുടങ്ങുന്നതുതന്നെ അസംബ്ലിയിലൂടെയാണെന്ന് പറയാം. വൈവിധ്യമാർന്ന പരിപാടികളാണ് ഓരോ ദിവസവും കാണാറുള്ളത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് കലാപരമായി ഒരു പ്രചോദനം കൂടെയാണ്. നേരിട്ട് കാണാത്തതിന്റെയോ നേരിട്ട് ഇടപഴകാത്തതിന്റെയോ യാതൊരുവിധ കുറവുകളും ഇതുവരെ തോന്നിയിട്ടില്ല.
ശ്രേയ പി എസ്
ഒന്നാം വർഷ വിദ്യാർത്ഥിനി
Comments
Post a Comment